2009, നവംബർ 13, വെള്ളിയാഴ്‌ച

ഗദ്ഗദം-ഒരമ്മയുടെ

പതിവു പോലെ  രെജിസ്റ്റര്‍ സൈന്‍ ചെയ്തു സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ എല്ലാവരുടേയും അടക്കിയ സംസാരം- ‘അഭിഷേക്  വെള്ളത്തില്‍  മുങ്ങി മരിച്ചു’.

 എട്ടാം ക്ലാസില്‍    എന്റെ   ബയോളജി പിരീഡില്‍ , ഇടത്തുവശത്തെ നിരയില്‍ മൂന്നാം ബെഞ്ചില്‍ ഇരിക്കുന്ന  കറൂത്ത നീണ്ട് മെലിഞ്ഞ അഭിഷേക് എന്ന ശാന്തനായ കുട്ടിയെ ഞാന്‍ ദുഖത്തൊടെ അനുസ്മരിച്ചു.പഠിക്കാന്‍ അവന്‍ മിടുക്കനായിരുന്നു.

വാഷിയില്‍ [നവിമുംബൈ] സ്കൂളിനടുത്താണു അവന്‍ താമസ്സിക്കുന്നത്.വാഷി കഴിഞ്ഞാല്‍ കോപ്പര്‍കൈരാനെ എന്ന സ്ഥലമാണു-അന്നു[1994ല്‍] ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍, അവിടെ ഇവിടെ വെള്ളം കെട്ടിക്കിടപ്പുള്ള ചതുര്‍പ്പു നിലമാണ്.അഭിഷേക് കൂട്ടുകാരോത്തു വൈകുന്നെരം അവിടെ പന്തു കളിക്കുന്നതിനിടയില്‍ പന്തു വെള്ളത്തില്‍ വീണു.അതെടുക്കാന്‍ പോയ അഭിഷേക്കിന്റെ കാല്‍ ചെളിയില്‍ കുടുങ്ങി.അവനെ രക്ഷിക്കാനായി അവന്ടെ ഒരു കൂട്ടുകാരന്‍ ഓടി വെള്ളത്തിലിറ്ങ്ങി-അവനും താഴുന്നതു കണ്ട് മൂന്നാമത്തെ കുട്ടിയിറങ്ങി-മൂന്നു കുട്ടികളും മുങ്ങി മരിച്ചു.

പോസ്റ്റ്മോട്ടം കഴിഞ്ഞു പൊതുദര്‍ശനത്തിനു വെച്ച മൂന്നു നിര്‍ജ്ജീവ ശരീരങ്ങള്‍-

കൂട്ടക്കരച്ചിലിന്റെയും,ജനത്തിരക്കിന്റേയും ഇടയിലൂടെ ഞാനൊന്നെത്തി നോക്കി-വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ കുരുന്നു കുട്ടികള്‍.വിങ്ങുന്ന മനസ്സോടെ തിരിച്ചു പോന്നു.ദുബായില്‍ ജോലി ചെയ്തിരുന്ന അവന്റെ അഛന്‍ എത്തി.പിന്നിട് നടന്ന വിവാദം മൂലം ശവസംസ്ക്കാരം നീണ്ടു-അഛനമ്മമാര്‍  ഹിന്ദുവും മുസ്ലീമുമാണു-ഒരു പാടു തര്‍ക്കത്തിനു ശേഷം അവനെ മുസ്ലിം മുറക്കു അടക്കം ചെയ്തു..കഷ്ടം-ഈ ദുരന്തത്തിനിടയിലും ജാതിയും,മതവും......

വര്‍ഷങ്ങള്‍ കടന്നുപോയി.പേരെന്റ്സ് ഓപ്പന്‍ ഡെയുടെ [കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അച്ഛനമ്മമാരെ കാണിക്കുന്ന ദിവസ്സം]അന്ന് ഒക്കത്ത് ഒരു പെണ്‍കുഞ്ഞുമായി വന്ന ആ അമ്മ-‘മിസ്സേ,രാജയെ നന്നായി ശകാരിക്കണം,അവന്‍ പഠിക്കാന്‍ മടിയാനാണ്,എന്റെ പൊന്നു പോലുള്ള മോനെയല്ലെ മുകളിലേക്ക് വിളിച്ചത്’എന്നു ഹിന്ദിയില്‍ പറഞ്ഞു, അവര്‍ കരയാന്‍ തുടങ്ങിയപ്പോളാണു അവര്‍ അഭിഷേകിന്റെ അമ്മയാണന്നു മനസ്സിലായത്.


അന്നു ഞാന്‍ XB ക്ലാസ്സ് ടീച്ചറാണ്.ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ ഇരിക്കുന്ന എപ്പോഴും ചിരിക്കുന്ന മുഖമുള്ള രാജ എന്ന ഉയരം കുറഞ്ഞ കുട്ടി അഭിഷേകിന്റെ അനിയനാണെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.പഠിപ്പില്‍ അവന്‍ അല്പം പുറകില്‍ ആയിരുന്നു.
പ്രോഗ്രെസ്സ് കാര്‍ഡില്‍,  പല വിഷയത്തിന്റെ താഴെയും ചുവന്ന വരയുണ്ട്.

എല്ലാ ഓപ്പെന്‍ ഡെക്കും അവന്റെ അമ്മ വരും-കരയും.S.S.C പരീക്ഷ അടുത്തതോടെ മറ്റു വീക് സ്റ്റൂഡന്‍സിനൊപ്പം അവനും സ്പെഷല്‍ ക്ലാസ്സ് കൊടുത്തു.അവന്‍ ഒരു വിധം S.S.C പാസ്സായി.പിന്നീട് ഞാന്‍ അവ്നേയോ അമ്മയേയോ കണ്ടിട്ടില്ല.

ഒരു ദിവസ്സം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ നില്‍ക്കുബോള്‍ പിന്നില്‍ നിന്ന് ‘മിസ്സേ’എന്ന വിളി കേട്ടു ഞാന്‍ തിരിഞ്ഞു നോക്കുബോള്‍ രാജയുടെ അമ്മയാണ്-എനിക്കു സന്തോഷം തോന്നി-

[2002 ഒരു മാര്‍ച്ച് മാസത്തിലാണ്]-ഉടനെ രാജയെക്കുറിച്ചന്വേഷിച്ചു.‘അവന്‍ ഈ ജനുവരിയില്‍ പോയില്ലേ’-എന്നു പറഞ്ഞു കരയാന്‍ തുടങ്ങി-എന്താണിവര്‍ പറയുന്നെതെന്നു മനസ്സിലാവാതെ ഞാന്‍ അന്തം വിട്ടവരെ നോക്കി.അവര്‍ എണ്ണിപ്പെറുക്കി കരയുന്നതിനിടയില്‍ മനസ്സിലായി- രാജ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടുവെന്നു- -അവന്‍ ഡിപ്ലോമ കഴിഞ്ഞു ജോലിക്കു കയറിയിട്ട് 6 മാസമേ ആയുള്ളൂ-അവന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി ബൈക്കിനടുത്ത് കിടപ്പുണ്ടായിരുന്നുവത്രെ. ബൈക്ക് ഓടിക്കുന്ന സമയത്തു മൊബൈല്‍ ഫോണില്‍ സംസാരിച്ചതാവാം അപകടകാരണം--


സ്വാന്തനവാക്കുകളില്ലാതെ ഞാന്‍ നിസ്സഹായയായി ആ അമ്മയുടെ കണ്ണുകളില്‍ നോക്കി.

ഈശ്വരാ,ഇതെന്തു പരീക്ഷണം?എന്തിന് ഒന്നിനു പിറകില്‍ ഒന്നായി ദുഖം മാത്രം ആ അമ്മക്കു കൊടുത്തു?

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കാശിത്തുമ്പയും തുബികളും





മാവേലിയെ വരവേല്‍പ്പാനായി വീടിനു ചുറ്റും കാശിതുബ പൂത്തു.മുറ്റമടിച്ചു ചാണകവെള്ളം തെളിച്ചു കഴിഞ്ഞാല്‍ പിന്നെ കൊച്ചു ചാണകം കൊണ്ടു പൂക്കളമൊരുക്കനായി കളം മെഴുകും. ഞാനുംഅനിയത്തിയുംകാശിത്തുമ്പയും,മുക്കുറ്റിയും,തുമ്പപൂവും, 
നന്ദ്യാര്‍വട്ടവും,ചെംബരത്തിയും,തെച്ചിയും ക്കെ കൈതഓല മെടഞ്ഞ പൂക്കുടകളില്‍      ശേഖരിക്കും-വര്‍ണശബളമായ പൂക്കളം. 

കൈയ്യാലയില്‍ കളിമണ്ണു കൊണ്ടുണ്ടാക്കിയ ത്രിക്കാകരപ്പന്‍. അവരുടെ നാലുവശത്തും നിരയായി കുത്തിവെച്ച ഈര്‍കിളികളില്‍ നിറയെ   കോര്‍ത്ത കാശിത്തുമ്പപൂക്കല്‍. ആറാപ്പു വിളിയുടെ ആരവം.ഓണവെയിലില്‍ മുറ്റത്തു പറ്ക്കുന്ന തുബികള്‍.കുമ്മാട്ടി പുല്ലു വെച്ചുകെട്ടിമാനത്തു നില്‍ക്കുന്ന വാളമ്പുളിങ്ങ എത്തിച്ചു പൊട്ടിക്കും കുമ്മാട്ടി....എന്നു പാടി പടിയിറങ്ങുന്ന കുമ്മാട്ടികുട്ടികള്‍.

ഇതൊക്കെ വെറുതെ ഓര്‍ത്തുപോയി. Sep 6thനു നെയ്റോബി അയ്യപ്പ ക്ഷേത്രത്തിലും ആഘോഷിച്ചു ഓണം-മുടക്കു ദിവസ്സം നോക്കി.ഇവിടെ മുന്നൂറിലധികം മലയാളി കുടുബങ്ങളുണ്ട്. പ്ലാസ്റ്റിക് വാ‍ഴ ഇലകളില്‍ ഗംഭീരമായ ഓണസദ്യ-പപ്പടവും,ഉപ്പേരിയും,അടപ്രഥമനും...ഉള്ളഓണസദ്യ. 





 അബലത്തിനു മുന്നില്‍ റോസാപൂക്കളും,ജമന്തിപൂക്കളും കൊണ്ട് അലങ്കരിച്ച മനോഹരമായ പൂക്കളം.

ഓനത്തപ്പനും, കുമ്മാട്ടികളിയും, ആര്‍പ്പുവിളിയുമില്ലാതെ, നിശബ്ദമായി ഒരു  ഓണം  കൂടി  കടന്നു പോയി.

[നെയ്റോബി കെനിയയുടെ തലസ്ഥാനമാണ്‌]


2009, മേയ് 28, വ്യാഴാഴ്‌ച

എന്റെ കുട്ടികാലം-ഒരു വിശകലനം




വീടിന്റെ പുറകുവശത്തായി സസ്യശ്യാമളമായ പറബാണ്. തെങ്ങും, കവുങ്ങും ,വാഴയും, പ്ലാവും, പേരയും... നിറഞ്ഞ.കവുങ്ങില്‍ പടര്‍ന്നു  കയറിയ വെറ്റില വള്ളികളും കുരുമുളകും.


വ്രശ്ചിക കാറ്റില്‍ ഒടിഞ്ഞു വീഴുന്ന കുരുത്തോല കൊണ്ട്
ഓലപബരമുണ്ടാക്കി ഞ്ങ്ങല്‍ ഇവിടെ ഓടിക്കളിക്കാറുണ്ട്.


താഴേ കോട്ടുവേലപടിയെന്ന നെല്‍ വയല്‍.അതില്‍ കൊക്കര്‍ണി കുളം.അതിരു കാക്കുന്ന തെങ്ങുകളുടെ ഓലത്തുബില്‍ തൂങ്ങി കിടക്കുന്ന കുഞ്ഞാറ്റകിളി കൂടുകല്‍. 


ഇവിടെ നിന്നാല്‍ ഞാറു നടുന്ന പെണ്ണുങ്ങള്‍ പാടുന്ന ,‘ആറ്റുമ്മണാ‍..മിലേ
ഉണ്ണിയാര്‍ച്ചാ’.. യുടെ ഈണം ഇന്നും ചെവിയില്‍ മുഴങ്ങും.


ഈ കൊക്കര്‍ണിയില്‍ ഉണ്ണിപിണ്ടി തുഴഞ്ഞും,മുങ്ങാന്‍
കുഴിയിട്ടും,ഞങ്ങല്‍ എത്ര കളിച്ചിട്ടുണ്ട്. കൊക്കര്‍ണിയില്‍ നിന്നു തേക്കുകൊട്ട കൊണ്ടു തേവിയ വെള്ളചാലുകളിലൂടെ
വെറുതെ നടക്കാന്‍ എന്തു രസമായിരുന്നു. ഇതിന്റെ കരക്കിരുന്നാല്‍      ത്രിശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു ഭംഗിയായി   കാണാം.


കുളത്തില്‍ മുങ്ങി നനഞ്ഞ തോര്‍ത്തു മുണ്ടു ചുറ്റി നെല്‍ക്കതിരുകള്‍  പറിച്ചു  മുറത്തില്‍ വെച്ചു  തലയിലേറ്റി
ഇല്ലം നിറ, വല്ലംനിറ, വട്ടി നിറ, കുട്ട നിറ ,നിറയേ നിറ’..എന്നു  പാടി  നടക്കുന്ന  ചേട്ടന്റെ പിറകെ ഈണത്തില്‍ ചൊല്ലുന്ന ഞങ്ങള്‍.


അമ്മ കയ്യാലയില്‍ അരിമാവു കൊണ്ട് അണിഞ്ഞ കോലത്തിനുള്ളില്‍ ഇലനാക്കില്‍ ഒരിക്കിയ പൂവടയും, പുഷ്പവും,ചന്ദനവും,വിളക്കും-


അതില്‍ നെല്‍കതിര്‍ വെച്ചു പൂജിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന പൂവടയുടെ സ്വാദ്  ഇന്നും നാവിന്‍  തുംബില്‍.


പാടത്തു വരബിലൂടെ കുറച്ചു നടന്നാല്‍ തെഞ്ചേരി പറബിലെത്തും. അവിടെ കശുമാവില്‍ കയറി ചുമന്നതും മഞ്ഞയും നിറത്തിലുള്ള കശുമാങ്ങാ പറിച്ചു മധുരം നോക്കി നീരു കുടിക്കും.അവിടെ ഒരു വലിയ പാറക്കുളം ഉണ്ട്.


മഴക്കാ‍ലത്തു അതിന്റെ അടിത്തട്ടിലെ വെള്ളത്തില്‍ പൊന്തി കിടക്കുന്ന തവളകളെ കല്ലെറിഞ്ഞ്  പാറകളില്‍ ചാടി കളിക്കും.


എട്ടു ഏക്കറോളം നീണ്ടു കിടക്കുന്ന ചെരിയന്‍പാറ, കുറച്ചു ദൂരെ ഒരു കുന്നിന്‍ ചെരുവിലാണ്-അവിടത്തെ  നെല്ലിമരത്തില്‍ നിന്നു നെല്ലിക്ക പൊട്ടിക്കലാണു പ്രധാന വിനോദം.


അതു കഴിഞ്ഞാല്‍ കുന്നു കയറലും. മുകളില്‍ വിശാലമായ പുല്‍തട്ടില്‍ നിന്നു കൊണ്ടു താഴെ കാണാന്‍ വളരെ ഭംഗി ആണ്.


ഇതു എന്റെ ഇന്നെലെയായിരുന്നെന്ന സത്യം എന്നില്‍ ഒരു
നെടുവീര്‍പ്പുയര്‍ത്തുന്നു. കാലം ഏറെ കഴിഞ്ഞു പോയതും, ഗ്രാമം  പട്ടണമായതും  എന്റെ ബോംബെ ജീവിതത്തിന്റെ തിരക്കില്‍ ഞാന്‍ അറിഞ്ഞില്ല.



അനിയത്തിയെ ചുമലില്‍ ഉപ്പിഞ്ചാക്കാക്കി -‘വണ്ടുരുട്ടി
കപ്പിത്താന്റെ ...’എന്നു പാടി കോവണിയിറങ്ങുന്ന എന്റെ അച്ഛ്ന്‍-വടകുറുബകാവില്‍ പൂരം കാണാന്‍ കൊണ്ടു പോയി
കുപ്പിവളയും,ബലൂണും,പമ്പരവും വാങ്ങിതരുന്ന എന്റെ
അച്ഛന്‍-


ഒരു ഓര്‍മ്മയായി-ഗദ്ഗദമായി-മരണത്തിന്റെ വിളര്‍ത്ത തണുത്തുറഞ്ഞ മുഖം എത്ര നിഷ്കരുണമാണന്നു ഞാന്‍ അറിഞ്ഞു.


ബോംബെയില്‍ തിരിച്ചെത്തി വാതില്‍ തുറന്നപ്പോള്‍ അച്ഛന്റെ രണ്ടാഴ്ച മുന്നയച്ച കത്തു-‘മോള്‍ക്ക് കത്തെഴുതുബോള്‍
എന്താണന്നറിയില്ല- ഇന്നു കൈ വിറക്കുന്നു’-


വര്‍ഷങ്ങല്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും എന്റെ കണ്ണ് നിറയുന്നു.ഞാന്‍ ആ സ്നേഹത്തിന്റെ തലോടലിനായി കൊതിക്കുന്നു.


ഇന്നും രണ്ടൂ ഭാഗം മുടിമെടഞ്ഞിട്ടു മുല്ലപൂവും ചൂടി സ്കൂളില്‍ പോകുന്ന ആ പെങ്കുട്ടി എന്റെ സ്വപ്നങ്ങളെ വര്‍ണശബളമാക്കരുണ്ട്.


സ്കൂളില്‍ നിന്നു തിരിച്ചു വരുബോള്‍ പലഹാരങ്ങളൊരുക്കി കാത്തിരിക്കുന്ന എന്റെ അമ്മയെ എന്നും ഞാന്‍ മനസ്സില്‍ കാണാറുണ്ട്.എത്ര എത്ര തവണ ഞങ്ങളുടെ ചോറ്റുപാത്രങ്ങള്‍ നിറച്ച ആ കൈകളിലെ ശക്തി ചോര്‍ന്നു പോയതുപോലെ.


കൊല്ലത്തിലൊരിക്കല്‍ നാടു സന്ദര്‍ശിക്കുന്ന എന്നെ കാണുബോള്‍ അമ്മയുടെ മുഖത്തു തെളിയുന്ന സന്തോഷം നോക്കി ഞാന്‍ പലപ്പോഴും ആശിക്കാറുണ്ട്---അമ്മയെ  സംരക്ഷിക്കുവാന്‍ ജീവിതത്തില്‍ എനിക്കെന്നെങ്കിലും സമയം കണ്ടെത്താന്‍ കഴിയുമോ?


വാചാലത നഷ്ട്ടപെട്ട അമ്മയുടെ മങ്ങിയ കണ്ണുകളില്‍ നോക്കിയപ്പോള്‍ എനിക്കു തോന്നി-അധികാരം ഒഴിഞ്ഞ രാജ്ഞ്നിയുടെ നിസ്സഹായത അതില്‍ പ്രതിഫലിക്കുന്നില്ലേ എന്ന്.


ഇന്നു ചെരിയന്‍ പാറയില്ല-ഞാന്‍ ആറാന്‍ ക്ലാസ്സില്‍
ആയിരുന്നപ്പോളാണ്- സര്ഖാരിലേക്ക് മിച്ചഭൂമിയായി ഏറ്റെടുത്തു. 60വീടുകല്‍ ഒറ്റ രാത്രി കൊണ്ടു അവിടെ ഉയര്‍ന്നെന്നു കേട്ടു.


തെഞ്ചേരിയില്ല, നെല്‍കൃഷി ഇല്ല, കന്നുകാലികളില്ല, വേലക്കാരുടെ ബഹളമില്ല, മുല്ലപന്തലില്ല,കാറ്റില്‍ മാങ്ങ  പൊഴിക്കുന്ന പുളിമാവില്ല, വെറ്റിലകൊടിയില്ല-വെറ്റിലചെല്ലം ഒഴിഞ്ഞു കിടക്കുന്നു...ഇല്ലം നിറയില്ല, അറ ഒഴിഞ്ഞു കിടക്കുന്നു.


പാണന്റ തുകിലുണര്‍ത്ത് പാട്ടില്ല...... ഏറുപബരമോ, തപ്പികുഴിയോ, കൊറ്റങ്കുത്തിയോ, ഉണ്ണിപെരയോ
എന്താണന്നു  കുട്ടികല്‍ക്കറിയില്ല.


ഞാന്‍ വന്നെന്നറിഞ്ഞാല്‍ എന്നെ കാണാന്‍ വേലായുധന്‍ വരും.

ഒരു ജീവിതം മുഴുവന്‍ ഞങ്ങല്‍ക്കായി ഉഴിഞ്ഞിട്ട ,ഇന്നത്തെ
കുട്ടികളുടെ വേലച്ഛാച്ച്ന്‍‍.എന്നെ തോളിലേറ്റി മണലാര്‍ക്കാവു കാവടി കാണാന്‍ പോയ വിശേഷം എന്നു കാണുബോളും പറയും.ഞാന്‍ മരുന്നു വാങ്ങാനായി പൈസ കൊടുക്കും. പാവം,വയസ്സായി-എന്റെ അച്ഛ്ന്റെ ഫോട്ടോയില്‍ നോക്കി തൊഴും.


പല പല പുരോഗതികളും ഗ്രാമത്തിലുണ്ടായിരിക്കുന്നു.പണ്ടു വിജനമായ  സ്ഥലങ്ങല്‍ ഇന്നു വീടുകള്‍ കൊണ്ടു നിറ്ഞ്ഞു.കാളവണ്ടി പോയിരുന്ന റോടില്‍ ഇന്നു ബസ്സ് ഉണ്ട്. പറബു നനക്കാന്‍ സ്പ്രിക്ലര്‍ ഉണ്ടു,കുട്ടികള്‍ക്കു കമ്പൂട്ടര്‍ ഉണ്ടു, റ്റി.വി ഉണ്ട് ,മൊബൈല്‍ ഫോണുണ്ട് ,മോട്ടൊര്‍ സൈക്കിള്‍
ഉണ്ട്, കാറുണ്ട്....


എന്റെ ബാല്യകാലം കാണാത്ത പലതും ഉണ്ട്.


എനിക്കു പുരോഗതിയോടു വിരോധമില്ല.പക്ഷെ ...എങ്കിലും..
ഭാരമേറിയ പുസ്തകസഞ്ചി പുറകിലേറ്റി സ്കൂളില്‍ നിന്നു ടൂഷന്‍
ക്ലാസ്സിലേക്കോടുന്ന ഇന്നത്തെ കുട്ടികല്‍ക്ക് കുട്ടിക്കാലം
എന്നൊന്നുണ്ടോ?


ഞാന്‍ ഇന്നലകളിലെ നന്മയെ സ്നേഹിക്കുന്നു-ഇന്നലെകളില്‍
ജീവിക്കാനാഗ്രഹിക്കുന്നു.


കാലവര്‍ഷത്തിന്റെമുന്നോടിയായി “വിത്തും കൈകോട്ടും, വിത്തും.....”എന്നു പാടിപറക്കുന്ന ഞാറ്റുവേല പക്ഷിയൂടെ വിളംബരം കേള്‍ക്കാനായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു.

2009, ഏപ്രിൽ 28, ചൊവ്വാഴ്ച

ചില ഓര്‍മ്മക്കുറിപ്പുകള്‍





എവിടെ നിന്നു തുടങ്ങണം എന്നറിയില്ല.ഒരു പ്രാര്‍തനയോടെ തന്നെ ആവട്ടെ.എനിക്കു എല്ലാ സൌഭാഗ്യങ്ങളും തന്ന് അനുഗ്രഹിച്ച സര്‍വേശ്വരനോടു നന്ദി.എന്നെ താലോലിച്ചു വളര്‍ത്തി വലുതാക്കിയ എന്റെ മാതാപിതാക്കളെ ഞാന്‍ ‍നമസ്കരിക്കുന്നു. സ്നേഹസബന്നനും, നന്മനിറഞ്ഞവനും ആയ എന്റെ മാര്‍ഗദര്‍ശകന്‍ ജീവിതപങ്കാളിക്കു സ്തുതി.

ജന്മനാടുമായി എന്റെ umbilical cord അറ്റു പോയിട്ടു വര്‍ഷങ്ങല്‍ ഏറെ ആയി.പക്ഷെ ഞാനെന്നുംസന്തോഷത്തോടെ അയവിറക്കുന്ന ഒന്നുണ്ട്.എന്റെ കുട്ടികാലം.എന്റെ സ്വപ്നങ്ങളുടെ അണിയറ എന്നും എന്റെ  ഗ്രാമമായിരുന്നു.

മുനി പ്രത്യക്ഷപെട്ടു ഒരു വരം തരാമെന്നു പറഞ്ഞാല്‍ ഞാന്‍ ചോദിക്കുന്ന ഒന്നുണ്ട്.--“എന്റെ ബാല്യകാലം എനിക്കു തിരിച്ചുതരൂ ”എന്ന്.

പൂമുഖത്തില്‍ വിരിച്ച പുല്ലുപായില്‍ ഇരുന്ന് ‘രാമ രാമ രാമ രാമ ,രാമരാമ പാഹിമം, മുകുന്ദരാമ പാഹിമം’എന്നു ചൊല്ലുന്ന സന്ധ്യാനാമത്തിന്റെ വരികല്‍ ഓര്‍മ്മകയത്തില്‍  നിന്നൊന്ന് തപ്പിയെടുക്കാന്‍ ശ്രമിച്ചു.ഇല്ല മറന്നു പോയിരിക്കുന്നു. 

ഞാന്‍ ജനിച്ചത്  പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിലാണ്. രണ്ട് ആണ്‍കുട്ടികല്‍ക്കു-ശേഷം, ഒരു മൂന്നാങ്കാല്‍ പെണ്ണായി.- 


അഛമ്മ പറ്ഞ്ഞു-‘മൂന്നാങ്കാല്‍ പെണ്ണ് മുടിപൂ ചൂടും’എന്ന്. എനിക്കു ഒന്നര വയസ്സിനു താഴെ എന്റെ അനിയത്തി. അന്ന് അചഛന്  TeachersTraining Collegeല്‍ ആന്നു ജോലി.അമ്മ വീട്ടുഭരണവും.  ഒരുപാടു ഭൂസ്വത്തുള്ള കാലം.   ചെരിയന്‍പാറ്യും,തേഞ്ചേരിയും,കൊഞന്റെ
ഞാലും, കണ്ണഞ്ചിറയും, കോട്ടൂവേലപടിയും...ഒക്കെ ഉള്ള കാലം.



തൊഴുത്തില്‍ നിറയെ കന്നുകാലികല്‍-അവരെ നോക്കാന്‍ വെലായുധനും മകന്‍  കുട്ടനും. വീട്ടിലും, പാടത്തും, പറബിലും നിറയെവേലക്കാര്‍. 



അറയില്‍ നിറയെനെല്ല്.  കയ്യാലയില്‍            നാളികേരത്തിന്റെയും, അടക്കയുടേയും  കൂബാരം. തറവാടിന്റെ  പ്രൌഡി വിളിച്ച് അറിയിക്കുന്ന ചെന്‍ബും ചരക്കും കോവണിമുറിയുടെ മൂലയില്‍. വൈക്കോല്‍ കളത്തില്‍ മല പോലെ ഉയര്‍ന്നു നില്‍ക്കുന്ന വൈക്കോല്‍ തുറു. വീടിന്റെ തെക്കെപ്പുറത്ത് രണ്ട് വലിയ പടര്‍ന്നു പന്തലിച്ച പുളിമാവുകല്‍- അമ്മയുടെ എത്ര എത്ര കടുമാങ്ങാഭരണികളും, ഉപ്പുമാങ്ങാ ഭരണികളും  ഇവര്‍  നിറച്ചിട്ടുണ്ട്?


മൂവാണ്ട്ന്‍മാവിലും,പ്രിയൂര്‍മാവിലും,മാങ്ങ കാരുന്ന  അണ്ണാര്‍ക്കണ്ണന്‍.
മുരിങ്ങചില്ലകളില്‍  കലപിലകൂട്ടി  ഊഞ്ഞാലാടുന്ന പനം തത്തകള്‍‍. പുതുമഴമണ്ണിന്റെ മണമേറ്റാല്‍ പൂക്കുന്ന മുല്ലപന്തല്‍. തെച്ചികൊമ്പില്‍ കൂ‍ടൂനെയ്യുന്ന  തേന്‍ കിളി.


വടക്കു വശത്തുള്ള പുളിമരപൂക്കളില്‍ തേന്‍ കവരുന്ന തെനീച്ചകല്‍ക്കായി   ഒരുക്കിയ   ചെറിയ   ദ്വാരമുള്ള   മണ്‍കുടങ്ങല്‍.
ഈ പുളിമരങ്ങളിള്‍ കയറി  അടുത്തുള്ള  കരിമ്പനയില്‍പനയില്‍ നിന്ന് ചേട്ടന്മാര്‍ എത്ര പനനൊങ്ക് അരിവാല്‍ തോട്ടി കൊണ്ട് വലിച്ചിട്ടിട്ടുണ്ട്.