2009, നവംബർ 13, വെള്ളിയാഴ്‌ച

ഗദ്ഗദം-ഒരമ്മയുടെ

പതിവു പോലെ  രെജിസ്റ്റര്‍ സൈന്‍ ചെയ്തു സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ എല്ലാവരുടേയും അടക്കിയ സംസാരം- ‘അഭിഷേക്  വെള്ളത്തില്‍  മുങ്ങി മരിച്ചു’.

 എട്ടാം ക്ലാസില്‍    എന്റെ   ബയോളജി പിരീഡില്‍ , ഇടത്തുവശത്തെ നിരയില്‍ മൂന്നാം ബെഞ്ചില്‍ ഇരിക്കുന്ന  കറൂത്ത നീണ്ട് മെലിഞ്ഞ അഭിഷേക് എന്ന ശാന്തനായ കുട്ടിയെ ഞാന്‍ ദുഖത്തൊടെ അനുസ്മരിച്ചു.പഠിക്കാന്‍ അവന്‍ മിടുക്കനായിരുന്നു.

വാഷിയില്‍ [നവിമുംബൈ] സ്കൂളിനടുത്താണു അവന്‍ താമസ്സിക്കുന്നത്.വാഷി കഴിഞ്ഞാല്‍ കോപ്പര്‍കൈരാനെ എന്ന സ്ഥലമാണു-അന്നു[1994ല്‍] ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍, അവിടെ ഇവിടെ വെള്ളം കെട്ടിക്കിടപ്പുള്ള ചതുര്‍പ്പു നിലമാണ്.അഭിഷേക് കൂട്ടുകാരോത്തു വൈകുന്നെരം അവിടെ പന്തു കളിക്കുന്നതിനിടയില്‍ പന്തു വെള്ളത്തില്‍ വീണു.അതെടുക്കാന്‍ പോയ അഭിഷേക്കിന്റെ കാല്‍ ചെളിയില്‍ കുടുങ്ങി.അവനെ രക്ഷിക്കാനായി അവന്ടെ ഒരു കൂട്ടുകാരന്‍ ഓടി വെള്ളത്തിലിറ്ങ്ങി-അവനും താഴുന്നതു കണ്ട് മൂന്നാമത്തെ കുട്ടിയിറങ്ങി-മൂന്നു കുട്ടികളും മുങ്ങി മരിച്ചു.

പോസ്റ്റ്മോട്ടം കഴിഞ്ഞു പൊതുദര്‍ശനത്തിനു വെച്ച മൂന്നു നിര്‍ജ്ജീവ ശരീരങ്ങള്‍-

കൂട്ടക്കരച്ചിലിന്റെയും,ജനത്തിരക്കിന്റേയും ഇടയിലൂടെ ഞാനൊന്നെത്തി നോക്കി-വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ കുരുന്നു കുട്ടികള്‍.വിങ്ങുന്ന മനസ്സോടെ തിരിച്ചു പോന്നു.ദുബായില്‍ ജോലി ചെയ്തിരുന്ന അവന്റെ അഛന്‍ എത്തി.പിന്നിട് നടന്ന വിവാദം മൂലം ശവസംസ്ക്കാരം നീണ്ടു-അഛനമ്മമാര്‍  ഹിന്ദുവും മുസ്ലീമുമാണു-ഒരു പാടു തര്‍ക്കത്തിനു ശേഷം അവനെ മുസ്ലിം മുറക്കു അടക്കം ചെയ്തു..കഷ്ടം-ഈ ദുരന്തത്തിനിടയിലും ജാതിയും,മതവും......

വര്‍ഷങ്ങള്‍ കടന്നുപോയി.പേരെന്റ്സ് ഓപ്പന്‍ ഡെയുടെ [കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അച്ഛനമ്മമാരെ കാണിക്കുന്ന ദിവസ്സം]അന്ന് ഒക്കത്ത് ഒരു പെണ്‍കുഞ്ഞുമായി വന്ന ആ അമ്മ-‘മിസ്സേ,രാജയെ നന്നായി ശകാരിക്കണം,അവന്‍ പഠിക്കാന്‍ മടിയാനാണ്,എന്റെ പൊന്നു പോലുള്ള മോനെയല്ലെ മുകളിലേക്ക് വിളിച്ചത്’എന്നു ഹിന്ദിയില്‍ പറഞ്ഞു, അവര്‍ കരയാന്‍ തുടങ്ങിയപ്പോളാണു അവര്‍ അഭിഷേകിന്റെ അമ്മയാണന്നു മനസ്സിലായത്.


അന്നു ഞാന്‍ XB ക്ലാസ്സ് ടീച്ചറാണ്.ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ ഇരിക്കുന്ന എപ്പോഴും ചിരിക്കുന്ന മുഖമുള്ള രാജ എന്ന ഉയരം കുറഞ്ഞ കുട്ടി അഭിഷേകിന്റെ അനിയനാണെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.പഠിപ്പില്‍ അവന്‍ അല്പം പുറകില്‍ ആയിരുന്നു.
പ്രോഗ്രെസ്സ് കാര്‍ഡില്‍,  പല വിഷയത്തിന്റെ താഴെയും ചുവന്ന വരയുണ്ട്.

എല്ലാ ഓപ്പെന്‍ ഡെക്കും അവന്റെ അമ്മ വരും-കരയും.S.S.C പരീക്ഷ അടുത്തതോടെ മറ്റു വീക് സ്റ്റൂഡന്‍സിനൊപ്പം അവനും സ്പെഷല്‍ ക്ലാസ്സ് കൊടുത്തു.അവന്‍ ഒരു വിധം S.S.C പാസ്സായി.പിന്നീട് ഞാന്‍ അവ്നേയോ അമ്മയേയോ കണ്ടിട്ടില്ല.

ഒരു ദിവസ്സം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ നില്‍ക്കുബോള്‍ പിന്നില്‍ നിന്ന് ‘മിസ്സേ’എന്ന വിളി കേട്ടു ഞാന്‍ തിരിഞ്ഞു നോക്കുബോള്‍ രാജയുടെ അമ്മയാണ്-എനിക്കു സന്തോഷം തോന്നി-

[2002 ഒരു മാര്‍ച്ച് മാസത്തിലാണ്]-ഉടനെ രാജയെക്കുറിച്ചന്വേഷിച്ചു.‘അവന്‍ ഈ ജനുവരിയില്‍ പോയില്ലേ’-എന്നു പറഞ്ഞു കരയാന്‍ തുടങ്ങി-എന്താണിവര്‍ പറയുന്നെതെന്നു മനസ്സിലാവാതെ ഞാന്‍ അന്തം വിട്ടവരെ നോക്കി.അവര്‍ എണ്ണിപ്പെറുക്കി കരയുന്നതിനിടയില്‍ മനസ്സിലായി- രാജ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടുവെന്നു- -അവന്‍ ഡിപ്ലോമ കഴിഞ്ഞു ജോലിക്കു കയറിയിട്ട് 6 മാസമേ ആയുള്ളൂ-അവന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി ബൈക്കിനടുത്ത് കിടപ്പുണ്ടായിരുന്നുവത്രെ. ബൈക്ക് ഓടിക്കുന്ന സമയത്തു മൊബൈല്‍ ഫോണില്‍ സംസാരിച്ചതാവാം അപകടകാരണം--


സ്വാന്തനവാക്കുകളില്ലാതെ ഞാന്‍ നിസ്സഹായയായി ആ അമ്മയുടെ കണ്ണുകളില്‍ നോക്കി.

ഈശ്വരാ,ഇതെന്തു പരീക്ഷണം?എന്തിന് ഒന്നിനു പിറകില്‍ ഒന്നായി ദുഖം മാത്രം ആ അമ്മക്കു കൊടുത്തു?