2009, മേയ് 28, വ്യാഴാഴ്‌ച

എന്റെ കുട്ടികാലം-ഒരു വിശകലനം




വീടിന്റെ പുറകുവശത്തായി സസ്യശ്യാമളമായ പറബാണ്. തെങ്ങും, കവുങ്ങും ,വാഴയും, പ്ലാവും, പേരയും... നിറഞ്ഞ.കവുങ്ങില്‍ പടര്‍ന്നു  കയറിയ വെറ്റില വള്ളികളും കുരുമുളകും.


വ്രശ്ചിക കാറ്റില്‍ ഒടിഞ്ഞു വീഴുന്ന കുരുത്തോല കൊണ്ട്
ഓലപബരമുണ്ടാക്കി ഞ്ങ്ങല്‍ ഇവിടെ ഓടിക്കളിക്കാറുണ്ട്.


താഴേ കോട്ടുവേലപടിയെന്ന നെല്‍ വയല്‍.അതില്‍ കൊക്കര്‍ണി കുളം.അതിരു കാക്കുന്ന തെങ്ങുകളുടെ ഓലത്തുബില്‍ തൂങ്ങി കിടക്കുന്ന കുഞ്ഞാറ്റകിളി കൂടുകല്‍. 


ഇവിടെ നിന്നാല്‍ ഞാറു നടുന്ന പെണ്ണുങ്ങള്‍ പാടുന്ന ,‘ആറ്റുമ്മണാ‍..മിലേ
ഉണ്ണിയാര്‍ച്ചാ’.. യുടെ ഈണം ഇന്നും ചെവിയില്‍ മുഴങ്ങും.


ഈ കൊക്കര്‍ണിയില്‍ ഉണ്ണിപിണ്ടി തുഴഞ്ഞും,മുങ്ങാന്‍
കുഴിയിട്ടും,ഞങ്ങല്‍ എത്ര കളിച്ചിട്ടുണ്ട്. കൊക്കര്‍ണിയില്‍ നിന്നു തേക്കുകൊട്ട കൊണ്ടു തേവിയ വെള്ളചാലുകളിലൂടെ
വെറുതെ നടക്കാന്‍ എന്തു രസമായിരുന്നു. ഇതിന്റെ കരക്കിരുന്നാല്‍      ത്രിശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു ഭംഗിയായി   കാണാം.


കുളത്തില്‍ മുങ്ങി നനഞ്ഞ തോര്‍ത്തു മുണ്ടു ചുറ്റി നെല്‍ക്കതിരുകള്‍  പറിച്ചു  മുറത്തില്‍ വെച്ചു  തലയിലേറ്റി
ഇല്ലം നിറ, വല്ലംനിറ, വട്ടി നിറ, കുട്ട നിറ ,നിറയേ നിറ’..എന്നു  പാടി  നടക്കുന്ന  ചേട്ടന്റെ പിറകെ ഈണത്തില്‍ ചൊല്ലുന്ന ഞങ്ങള്‍.


അമ്മ കയ്യാലയില്‍ അരിമാവു കൊണ്ട് അണിഞ്ഞ കോലത്തിനുള്ളില്‍ ഇലനാക്കില്‍ ഒരിക്കിയ പൂവടയും, പുഷ്പവും,ചന്ദനവും,വിളക്കും-


അതില്‍ നെല്‍കതിര്‍ വെച്ചു പൂജിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന പൂവടയുടെ സ്വാദ്  ഇന്നും നാവിന്‍  തുംബില്‍.


പാടത്തു വരബിലൂടെ കുറച്ചു നടന്നാല്‍ തെഞ്ചേരി പറബിലെത്തും. അവിടെ കശുമാവില്‍ കയറി ചുമന്നതും മഞ്ഞയും നിറത്തിലുള്ള കശുമാങ്ങാ പറിച്ചു മധുരം നോക്കി നീരു കുടിക്കും.അവിടെ ഒരു വലിയ പാറക്കുളം ഉണ്ട്.


മഴക്കാ‍ലത്തു അതിന്റെ അടിത്തട്ടിലെ വെള്ളത്തില്‍ പൊന്തി കിടക്കുന്ന തവളകളെ കല്ലെറിഞ്ഞ്  പാറകളില്‍ ചാടി കളിക്കും.


എട്ടു ഏക്കറോളം നീണ്ടു കിടക്കുന്ന ചെരിയന്‍പാറ, കുറച്ചു ദൂരെ ഒരു കുന്നിന്‍ ചെരുവിലാണ്-അവിടത്തെ  നെല്ലിമരത്തില്‍ നിന്നു നെല്ലിക്ക പൊട്ടിക്കലാണു പ്രധാന വിനോദം.


അതു കഴിഞ്ഞാല്‍ കുന്നു കയറലും. മുകളില്‍ വിശാലമായ പുല്‍തട്ടില്‍ നിന്നു കൊണ്ടു താഴെ കാണാന്‍ വളരെ ഭംഗി ആണ്.


ഇതു എന്റെ ഇന്നെലെയായിരുന്നെന്ന സത്യം എന്നില്‍ ഒരു
നെടുവീര്‍പ്പുയര്‍ത്തുന്നു. കാലം ഏറെ കഴിഞ്ഞു പോയതും, ഗ്രാമം  പട്ടണമായതും  എന്റെ ബോംബെ ജീവിതത്തിന്റെ തിരക്കില്‍ ഞാന്‍ അറിഞ്ഞില്ല.



അനിയത്തിയെ ചുമലില്‍ ഉപ്പിഞ്ചാക്കാക്കി -‘വണ്ടുരുട്ടി
കപ്പിത്താന്റെ ...’എന്നു പാടി കോവണിയിറങ്ങുന്ന എന്റെ അച്ഛ്ന്‍-വടകുറുബകാവില്‍ പൂരം കാണാന്‍ കൊണ്ടു പോയി
കുപ്പിവളയും,ബലൂണും,പമ്പരവും വാങ്ങിതരുന്ന എന്റെ
അച്ഛന്‍-


ഒരു ഓര്‍മ്മയായി-ഗദ്ഗദമായി-മരണത്തിന്റെ വിളര്‍ത്ത തണുത്തുറഞ്ഞ മുഖം എത്ര നിഷ്കരുണമാണന്നു ഞാന്‍ അറിഞ്ഞു.


ബോംബെയില്‍ തിരിച്ചെത്തി വാതില്‍ തുറന്നപ്പോള്‍ അച്ഛന്റെ രണ്ടാഴ്ച മുന്നയച്ച കത്തു-‘മോള്‍ക്ക് കത്തെഴുതുബോള്‍
എന്താണന്നറിയില്ല- ഇന്നു കൈ വിറക്കുന്നു’-


വര്‍ഷങ്ങല്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും എന്റെ കണ്ണ് നിറയുന്നു.ഞാന്‍ ആ സ്നേഹത്തിന്റെ തലോടലിനായി കൊതിക്കുന്നു.


ഇന്നും രണ്ടൂ ഭാഗം മുടിമെടഞ്ഞിട്ടു മുല്ലപൂവും ചൂടി സ്കൂളില്‍ പോകുന്ന ആ പെങ്കുട്ടി എന്റെ സ്വപ്നങ്ങളെ വര്‍ണശബളമാക്കരുണ്ട്.


സ്കൂളില്‍ നിന്നു തിരിച്ചു വരുബോള്‍ പലഹാരങ്ങളൊരുക്കി കാത്തിരിക്കുന്ന എന്റെ അമ്മയെ എന്നും ഞാന്‍ മനസ്സില്‍ കാണാറുണ്ട്.എത്ര എത്ര തവണ ഞങ്ങളുടെ ചോറ്റുപാത്രങ്ങള്‍ നിറച്ച ആ കൈകളിലെ ശക്തി ചോര്‍ന്നു പോയതുപോലെ.


കൊല്ലത്തിലൊരിക്കല്‍ നാടു സന്ദര്‍ശിക്കുന്ന എന്നെ കാണുബോള്‍ അമ്മയുടെ മുഖത്തു തെളിയുന്ന സന്തോഷം നോക്കി ഞാന്‍ പലപ്പോഴും ആശിക്കാറുണ്ട്---അമ്മയെ  സംരക്ഷിക്കുവാന്‍ ജീവിതത്തില്‍ എനിക്കെന്നെങ്കിലും സമയം കണ്ടെത്താന്‍ കഴിയുമോ?


വാചാലത നഷ്ട്ടപെട്ട അമ്മയുടെ മങ്ങിയ കണ്ണുകളില്‍ നോക്കിയപ്പോള്‍ എനിക്കു തോന്നി-അധികാരം ഒഴിഞ്ഞ രാജ്ഞ്നിയുടെ നിസ്സഹായത അതില്‍ പ്രതിഫലിക്കുന്നില്ലേ എന്ന്.


ഇന്നു ചെരിയന്‍ പാറയില്ല-ഞാന്‍ ആറാന്‍ ക്ലാസ്സില്‍
ആയിരുന്നപ്പോളാണ്- സര്ഖാരിലേക്ക് മിച്ചഭൂമിയായി ഏറ്റെടുത്തു. 60വീടുകല്‍ ഒറ്റ രാത്രി കൊണ്ടു അവിടെ ഉയര്‍ന്നെന്നു കേട്ടു.


തെഞ്ചേരിയില്ല, നെല്‍കൃഷി ഇല്ല, കന്നുകാലികളില്ല, വേലക്കാരുടെ ബഹളമില്ല, മുല്ലപന്തലില്ല,കാറ്റില്‍ മാങ്ങ  പൊഴിക്കുന്ന പുളിമാവില്ല, വെറ്റിലകൊടിയില്ല-വെറ്റിലചെല്ലം ഒഴിഞ്ഞു കിടക്കുന്നു...ഇല്ലം നിറയില്ല, അറ ഒഴിഞ്ഞു കിടക്കുന്നു.


പാണന്റ തുകിലുണര്‍ത്ത് പാട്ടില്ല...... ഏറുപബരമോ, തപ്പികുഴിയോ, കൊറ്റങ്കുത്തിയോ, ഉണ്ണിപെരയോ
എന്താണന്നു  കുട്ടികല്‍ക്കറിയില്ല.


ഞാന്‍ വന്നെന്നറിഞ്ഞാല്‍ എന്നെ കാണാന്‍ വേലായുധന്‍ വരും.

ഒരു ജീവിതം മുഴുവന്‍ ഞങ്ങല്‍ക്കായി ഉഴിഞ്ഞിട്ട ,ഇന്നത്തെ
കുട്ടികളുടെ വേലച്ഛാച്ച്ന്‍‍.എന്നെ തോളിലേറ്റി മണലാര്‍ക്കാവു കാവടി കാണാന്‍ പോയ വിശേഷം എന്നു കാണുബോളും പറയും.ഞാന്‍ മരുന്നു വാങ്ങാനായി പൈസ കൊടുക്കും. പാവം,വയസ്സായി-എന്റെ അച്ഛ്ന്റെ ഫോട്ടോയില്‍ നോക്കി തൊഴും.


പല പല പുരോഗതികളും ഗ്രാമത്തിലുണ്ടായിരിക്കുന്നു.പണ്ടു വിജനമായ  സ്ഥലങ്ങല്‍ ഇന്നു വീടുകള്‍ കൊണ്ടു നിറ്ഞ്ഞു.കാളവണ്ടി പോയിരുന്ന റോടില്‍ ഇന്നു ബസ്സ് ഉണ്ട്. പറബു നനക്കാന്‍ സ്പ്രിക്ലര്‍ ഉണ്ടു,കുട്ടികള്‍ക്കു കമ്പൂട്ടര്‍ ഉണ്ടു, റ്റി.വി ഉണ്ട് ,മൊബൈല്‍ ഫോണുണ്ട് ,മോട്ടൊര്‍ സൈക്കിള്‍
ഉണ്ട്, കാറുണ്ട്....


എന്റെ ബാല്യകാലം കാണാത്ത പലതും ഉണ്ട്.


എനിക്കു പുരോഗതിയോടു വിരോധമില്ല.പക്ഷെ ...എങ്കിലും..
ഭാരമേറിയ പുസ്തകസഞ്ചി പുറകിലേറ്റി സ്കൂളില്‍ നിന്നു ടൂഷന്‍
ക്ലാസ്സിലേക്കോടുന്ന ഇന്നത്തെ കുട്ടികല്‍ക്ക് കുട്ടിക്കാലം
എന്നൊന്നുണ്ടോ?


ഞാന്‍ ഇന്നലകളിലെ നന്മയെ സ്നേഹിക്കുന്നു-ഇന്നലെകളില്‍
ജീവിക്കാനാഗ്രഹിക്കുന്നു.


കാലവര്‍ഷത്തിന്റെമുന്നോടിയായി “വിത്തും കൈകോട്ടും, വിത്തും.....”എന്നു പാടിപറക്കുന്ന ഞാറ്റുവേല പക്ഷിയൂടെ വിളംബരം കേള്‍ക്കാനായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു.

4 അഭിപ്രായങ്ങൾ:

thalayambalath പറഞ്ഞു...

കുട്ടിക്കാലം വാക്കുകള്‍ കൊണ്ട് വരച്ചിട്ടതുപോലെ ഒരു ഫ്രെയിമിലും വരച്ചുകൂടെ.... പ്രത്യേകിച്ചും വരയ്ക്കാനറിയുന്ന നിങ്ങള്‍ക്ക്.... ആശംസകള്‍...

jyo.mds പറഞ്ഞു...

ആഗ്രഹമില്ലാതില്ല-പ്രോത്സാഹനത്തിനു നന്ദി.

ranji പറഞ്ഞു...

പോസ്റ്റ്‌ ഇഷ്ടമായി..
ആശംസകള്‍.

jyo.mds പറഞ്ഞു...

ranji-വായിച്ചതിന് നന്ദി